ലണ്ടൻ: ദക്ഷിണലണ്ടനിലെ ആഡംബര അപ്പാർട്ട്മെന്റിന്റെ 36ാം നിലയിൽ നിന്നുചാടി ഇന്ത്യൻ വംശജരായ ദമ്പതികളും ഒൻപതുവയസുകാരനായ മകനും മരിച്ചു. മകനെ താഴേക്കിട്ടശേഷം ദമ്പതികൾ ചാടി ജീവനൊടുക്കിയതാകാമെന്നാണു ലണ്ടൻ പോലീസിന്റെ പ്രാഥമിക നിഗമനം. ഫിനാൻസ് കൺസൾട്ടന്റായ രാകേഷ് പൈ (47), കൺസ്ട്രക്ഷൻ കൺസൾട്ടന്റായ അദിതി പരാൽക്കർ (46) ഇവരുടെ മകൻ സിഡ് എന്നിവരാണ് മരിച്ചത്.
ലണ്ടനിലെ എലിഫന്റ് ആൻഡ് കാസിൽ പ്രദേശത്തുള്ള 45 നിലകളുള്ള ടവറിലെ 36-ാം നിലയിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. തറനിരപ്പിൽ നിന്ന് ഏകദേശം 400 അടി ഉയരത്തിലുള്ള അപ്പാർട്ട്മെന്റിന്റെ ബാൽക്കണയിൽനിന്നാണ് മൂവരും താഴേക്കു വീണത്. കുട്ടിക്കുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണു മാതാപിതാക്കളെ ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്കു നയിച്ചതെന്നാണു പോലീസിന്റെ പ്രാഥമികനിഗമനം. ജന്മനാ വൃക്കരോഗത്തിനു ചികിത്സയിലായിരുന്നു ഒൻപതുകാരൻ.
മകന്റെ ചികിത്സയുടെ ഭാഗമായി ദമ്പതികൾ ഇന്ത്യയിലും എത്തിയിരുന്നു. എന്നാൽ, രോഗം ഭേദമാകാത്തതിനെതുടർന്ന് കഴിഞ്ഞവർഷമാണ് ഇരുവരും ലണ്ടനിലേക്കു മടങ്ങിയത്.